ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തര ഉന്നതതല അവലോകന യോഗം വിളിച്ചു ചേർത്തു. ന്യൂഡൽഹിയിലെ സിബിഎസ്ഇ ആസ്ഥാനത്ത് നടന്ന യോഗത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ സമയബന്ധിതവും സുതാര്യവുമായി പരിഹരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
വിദ്യാർത്ഥികളുടെ പിന്തുണ ഉറപ്പാക്കുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, മൂല്യനിർണയവും നിരീക്ഷണവും കാര്യക്ഷമമാക്കുക, ഡിജിറ്റൽ പ്ലാറ്റ്ഫോം മെച്ചപ്പെടുത്തുക എന്നിവയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുനൽകിയ അദ്ദേഹം, വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ന്യായമായ എല്ലാ ആശങ്കകളും അടിയന്തരമായി പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു. പരീക്ഷാ നടത്തിപ്പിലോ മൂല്യനിർണയത്തിലോ ഉണ്ടാകുന്ന യാതൊരുവിധ വീഴ്ചകളും വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ഇത്തവണ പന്ത്രണ്ടാം ക്ലാസിൽ 18 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഏകദേശം 98 ലക്ഷം ഉത്തരക്കടലാസുകളിലായി 40 കോടിയോളം പേജുകൾ ഡിജിറ്റൽ മൂല്യനിർണയത്തിനായി സ്കാൻ ചെയ്തിരുന്നു. ഇതിൽ നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ തങ്ങളുടെ 11 ലക്ഷത്തോളം സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ പോർട്ടൽ വഴി ഇതിനകം പരിശോധിച്ചിട്ടുണ്ട്.
പോർട്ടലിലെ ലോഗിൻ പ്രശ്നങ്ങൾ, സെർവർ തകരാർ, പണമിടപാടിലെ തടസങ്ങൾ എന്നിവയും മന്ത്രി യോഗത്തിൽ വിലയിരുത്തി. ഈ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഐഐടി മദ്രാസിലെ വിദഗ്ധ പ്രൊഫസർമാരും ഡിജിറ്റൽ സിസ്റ്റം സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന പ്രത്യേക സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, സിബിഎസ്ഇ ചെയർപേഴ്സൺ രാഹുൽ സിംഗ്, ഐഐടി കാൺപൂർ ഡയറക്ടർ, മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥർ, വിവിധ പൊതുമേഖലാ ബാങ്ക് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.